കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദ മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി കർണാടക പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ അടിസ്ഥാനമാക്കി, കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാനുള്ള സാധ്യത പോലീസ് പൂർണ്ണമായും തള്ളിക്കളഞ്ഞു.ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
കുട്ടി അബദ്ധത്തിൽ കാലുതെന്നി വീണതോ അല്ലെങ്കിൽ സ്വമേധയാ താഴേക്ക് ചാടിയതോ ആകാം എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെ ഭൂപ്രകൃതിയും സാഹചര്യങ്ങളും പരിശോധിച്ചതിൽ നിന്ന് ഈ നിഗമനത്തിന് ബലമേകുന്ന തെളിവുകളാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നിലവിൽ കൊലപാതക സാധ്യത പോലീസ് തള്ളുന്നുണ്ടെങ്കിലും, മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം കണ്ടെത്താൻ വിശദമായ ശാസ്ത്രീയ പരിശോധനകളും തുടർ അന്വേഷണവും നടത്തിവരികയാണെന്ന് കർണാടക പോലീസ് അറിയിച്ചു.
















