പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിനെ സന്ദർശിച്ച് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ബിഷപ്പിന്റെ നൂറാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സന്ദർശനം. എന്നാൽ സന്ദർശനത്തിന് പിന്നാലെ സഭയുടെ മുഖപത്രമായ ദീപികക്കെതിരെ കടുത്ത ഭാഷയിലുള്ള വിമർശനവുമായാണ് പി.സി. ജോർജ് മടങ്ങിയത്.
തന്റെ സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. “രാഷ്ട്രീയ ചർച്ചകൾക്കല്ല, മറിച്ച് എന്റെ പ്രിയപ്പെട്ട പിതാവിനെ കാണാനാണ് ഞാൻ എത്തിയത്. നൂറാം വയസ്സിലും പിതാവ് അതീവ ആരോഗ്യവാനാണ്, എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ഓർമ്മയുണ്ട്. അദ്ദേഹം എന്നെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ഒരു കൊന്തയും കുരിശും സമ്മാനമായി നൽകുകയും ചെയ്തു,” ജോർജ് വ്യക്തമാക്കി. ബിഷപ്പിന്റെ കുടുംബവുമായി തനിക്ക് രാഷ്ട്രീയത്തിന് അതീതമായ വലിയ ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗഹൃദ സന്ദർശനത്തിന് പിന്നാലെയാണ് സഭയുടെ മുഖപത്രമായ ദീപികക്കെതിരെ പി.സി. ജോർജ് തിരിഞ്ഞത്. തന്നെ ‘കവല ചട്ടമ്പി’ എന്ന് വിശേഷിപ്പിച്ച പത്രത്തിന്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. “ദീപിക ഇപ്പോൾ ഫാരിസ് അബൂബക്കറിന്റെ പത്രമാണ്. അവർ എഴുതുന്നത് അവരുടെ വാപ്പയെപ്പറ്റിയാണ്. അത്തരം വാർത്തകൾ എന്നെ ബാധിക്കില്ല,” ജോർജ് പറഞ്ഞു. പത്രത്തിന്റെ നിലപാടുകൾ സഭയുടേതല്ല എന്ന സൂചനയും തന്റെ വിമർശനത്തിലൂടെ അദ്ദേഹം നൽകി.
















