കേരളം ഉറ്റുനോക്കിയ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിന് പിന്നാലെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ സജീവമാകുന്നു. വിജയം ഉറപ്പാണെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോഴും പാർട്ടിവോട്ടുകളിൽ വിള്ളലുണ്ടായോ എന്ന ആശങ്ക സിപിഎം ക്യാമ്പുകളിൽ ശക്തമാണ്. അതേസമയം, അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ മണ്ഡലം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജി. സുധാകരനും യുഡിഎഫും.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന അമ്പലപ്പുഴയിൽ, മുൻ മന്ത്രി കൂടിയായ ജി. സുധാകരൻ പാർട്ടി വിട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് പോരാട്ടം ‘അഭിമാന പ്രശ്നമായി’ മാറിയത്. വ്യക്തിപ്രഭാവത്തിലൂടെ സിപിഎമ്മിലെ ഒരു വിഭാഗം വോട്ടുകൾ സമാഹരിക്കാൻ സുധാകരന് കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.
ഭരണവിരുദ്ധ വികാരത്തിനൊപ്പം സിപിഎമ്മിനുള്ളിലെ ആഭ്യന്തര അമർഷവും വോട്ടായി മാറിയെന്നും, അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു.
















