സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ആഭ്യന്തര വിലയിരുത്തലുകളിൽ വലിയ ആത്മവിശ്വാസവുമായി മുസ്‌ലിം ലീഗ്. യുഡിഎഫ് 85-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിഗമനം. പാർട്ടി മത്സരിച്ച 27 മണ്ഡലങ്ങളിൽ 21 മുതൽ 24 വരെ സീറ്റുകളിൽ ഉറപ്പായും വിജയിക്കുമെന്നും, യുഡിഎഫ് തരംഗം ശക്തമായാൽ മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്നും പാണക്കാട് ചേർന്ന നേതൃയോഗം വിലയിരുത്തി.
സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് ലീഗ് വിലയിരുത്തുന്നു. താഴേത്തട്ടിൽ ഈ വികാരം വോട്ടായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സർക്കാരിനെതിരായ ഏകീകരണം ദൃശ്യമാണ്. ഇതിന് പുറമെ, പാണക്കാട് കുടുംബാംഗങ്ങൾ നേരിട്ട് മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങിയത് യുഡിഎഫിന് വലിയ തോതിൽ ഗുണകരമായെന്നും ലീഗ് നേതൃത്വം കരുതുന്നു.
ലീഗിന്റെ കോട്ടയായ മലപ്പുറത്ത് മത്സരിച്ച 12 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
















