സബ്സ്ക്രിപ്ഷനിൽ നിലപാട് വ്യക്തമാക്കി നടി അന്ന രാജൻ. ഇൻസ്റ്റഗ്രാം പേജിലെ സബ്‌സ്‌ക്രിപ്ഷൻ വഴി മാന്യമല്ലാത്തതൊന്നും പ്രതീക്ഷിക്കരുതെന്ന് ആരാധകരോട് നടി പറഞ്ഞു. പ്രൊഫഷണലായ കണ്ടന്റുകൾ മാത്രമേ ഇവിടെ ലഭിക്കുകയുള്ളൂവെന്നും നടി അറിയിച്ചു.
ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വഴി നടിമാരോട് മോശം ആവശ്യങ്ങൾ ഉന്നയിക്കുന്നുവെന്ന ചർച്ചകൾ സാമൂഹികമാധ്യമങ്ങളിൽ സജീവമാകുന്നതിനിടെയാണ് നടിയുടെ പ്രതികരണം.
‘പ്രിയപ്പെട്ടവരേ, രണ്ടുവർഷം മുമ്പാണ് എന്റെ സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ചത്. നിങ്ങളുമായി ബന്ധപ്പെടാൻ ഏറ്റവും മികച്ച ഇടമായിരുന്നു ഇത്. എന്റെ റീലുകളും ചിത്രങ്ങളും ആദ്യം തന്നെ കാണാനും നിങ്ങളുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഞാനുമായി പങ്കുവെക്കാനും കൂടുതൽ അടുക്കാനും ഇവിടെ സാധിക്കും’- അന്ന രേഷ്മ രാജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘സബ്‌സ്‌ക്രിപ്ഷൻ എന്നാൽ അൺപ്രൊഫഷണൽ കണ്ടന്റ് എന്ന് അർഥമില്ല. ഗുണമേന്മയും സർഗാത്മകതയും പരസ്പരബഹുമാനവും നിലനിർത്തുന്ന സംവാദങ്ങൾക്കുള്ള ഇടമാണിത്. അതുകൊണ്ട് മാന്യമല്ലാത്തതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്, യഥാർഥവും പ്രൊഫഷണലുമായ കണ്ടന്റുകൾ മാത്രം. മനസിലാക്കുന്നതിനും യാത്രയിൽ ഒപ്പമുണ്ടാവുന്നതിനും നന്ദി’- അവർ കൂട്ടിച്ചേർത്തു.
നേരത്തേ, തമിഴ് നടി അഭിരാമി വെങ്കിടാചലവും സമാനമായി നിലപാട് വ്യക്തമാക്കിയിരുന്നു. സബ്‌സ്‌ക്രിപ്ഷൻ എടുത്തുവെന്ന് കരുതി താൻ തുണിയുരിഞ്ഞുനിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, ഇപ്പോൾ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത പോകാമെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്.
കണ്ടന്റുകൾ മൊണറ്റൈസ് ചെയ്യാൻ ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ഫീച്ചറാണ് സബ്‌സ്‌ക്രിപ്ഷൻ. 10,000 ഫോളോവേഴ്‌സ് എങ്കിലുമുള്ളവർക്ക് ഫീച്ചർ ലഭ്യമാവും. മാസം നിശ്ചിത തുക സബ്‌സ്‌ക്രിപ്ഷൻ ഫീയായി നിശ്ചയിച്ച് ഫോളോവേഴ്‌സിന് എക്‌സ്‌ക്ലൂസീവ് കണ്ടന്റുകൾ സബ്‌സ്‌ക്രിപ്ഷൻ വഴി നൽകും.
















