‘ആനന്ദം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി നിരവധി ചിത്രങ്ങൾ ചെയ്ത താരമാണ് അനാർക്കലി മരിക്കാർ. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ നിമിഷം പങ്കുവെച്ചിരിക്കുകയാണ് നടി അനാർക്കലി. നടിയുടെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കാക്കി സർക്കസ്’ എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് താരം.
തന്റെ പങ്കാളിയുടെ കരിയറിലെ ഈ വലിയ ചുവടുവപ്പിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ആ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിലും വലിയ സന്തോഷമുണ്ടെന്ന് അനാർക്കലി പറയുന്നു. അതീവ വികാരനിർഭരമായ ഒരു ദിവസമാണിതെന്നും ചെറിയ പരിഭ്രമമുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ടവന്റെ നേട്ടത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും നടി കുറിച്ചു.
‘‘ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ, അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5-ൽ കാണാം,’’ അനാർക്കലി കുറിച്ചു.
തനിക്കൊരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘‘എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന്‍ ആകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും.
അവര്‍ രണ്ടു പേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വമായി മാത്രമേ ഒറ്റയ്ക്ക് തിരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്. ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ.”– അനാർക്കലി അഭിമുഖത്തിൽ പറഞ്ഞത്.
2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ‘വിമാനം’, ‘മന്ദാരം’, ‘മാർക്കോണി മത്തായി’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
















