നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാലക്കാട് മണ്ഡലത്തിൽ ഉയർന്നുവന്ന ‘വോട്ടിന് പണം’ ആരോപണത്തിൽ അന്വേഷണം ഊർജ്ജിതമാകുന്നു. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ആർഡിഒ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ആർഡിഒയുടെ ഈ ആവശ്യം കളക്ടർ അംഗീകരിച്ചിട്ടുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ ഒരു വയോധികയ്ക്ക് വോട്ട് ഉറപ്പിക്കാനായി പണം നൽകിയെന്നാണ് ബിജെപിക്കെതിരെ ഉയർന്നിട്ടുള്ള പ്രധാന പരാതി. ഈ വിഷയത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർ ആർഡിഒയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയ ഈ ആരോപണം പുറത്തുവന്നത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ശോഭാ സുരേന്ദ്രനും സംഘവും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കോൺഗ്രസ് ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
















