ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്‌ലാമി. ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന ആരോപണവും സംഘടനയെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിച്ചതുമാണ് നിയമപോരാട്ടത്തിന് കാരണമായിരിക്കുന്നത്. ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വക്കീൽ നോട്ടീസ് അയച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയെന്ന ആരോപണം ബിജെപിക്കെതിരെ ഉയർന്നിരുന്നു. ഈ വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും വോട്ടർമാർക്കിടയിൽ ‘ഇസ്‌ലാമോഫോബിയ’ പടർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമാണ് ശോഭ സുരേന്ദ്രൻ ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിച്ചതെന്ന് നോട്ടീസിൽ പറയുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സംഘടനയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും നോട്ടീസിൽ വ്യക്തമാക്കുന്നു.
















