കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രായവിവാദത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ നിയമനടപടികൾ സൂക്ഷ്മതയോടെ നീക്കാനാണ് അധികൃതരുടെ തീരുമാനം. പെൺകുട്ടിയുടെ ഭർത്താവ് ഫർമാനെ പ്രതിയാക്കി മധ്യപ്രദേശ് പൊലീസ് കേസെടുത്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും പൊലീസിന് ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മധ്യപ്രദേശ് പൊലീസ് സംഘം ഉടൻ കേരളത്തിലെത്തുമെന്നാണ് സൂചന. അവർ ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.
കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്തത് 18 വയസ്സ് പൂർത്തിയായെന്ന് കാണിക്കുന്ന രേഖകൾ ഹാജരാക്കിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നൽകിയ ഈ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞാൽ, ഭർത്താവ് ഫർമാനെതിരെ വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനും കേരളത്തിലും കേസെടുത്തേക്കും. വിവാഹ രജിസ്‌ട്രേഷൻ സമയത്ത് ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് ദേശീയ രജിസ്ട്രിയുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ദേശീയ പട്ടികവർഗ കമ്മീഷൻ നടത്തിയ അന്വേഷണമാണ് വിവാഹത്തിൽ നിർണ്ണായക വഴിത്തിരിവായത്. മഹേശ്വർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകൾ പ്രകാരം പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 ആണ്. ഇതുപ്രകാരം വിവാഹസമയത്ത് പെൺകുട്ടി മൈനറാണെന്ന് വരും.
എന്നാൽ, തുടക്കത്തിൽ ഈ വിഷയത്തിൽ ദുരൂഹതകളേറെയായിരുന്നു. സിനിമാ ചിത്രീകരണത്തിനായി പൂവാറിലെ റിസോർട്ടിലെത്തിയ പെൺകുട്ടി, പിതാവ് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് തമ്പാനൂർ പോലീസിൽ അഭയം തേടിയത്. അന്ന് മകളെ വിട്ടുകിട്ടാനായി പിതാവ് ഹാജരാക്കിയ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിലും പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായതായാണ് രേഖപ്പെടുത്തിയിരുന്നത്.
















