കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴിയുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12:00 മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നത്. സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ(MSME)മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്തുടനീളം വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച CMEDP പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങൾക്കും നിലവിലുള്ളവയ്ക്കും ലളിതമായ വ്യവസ്ഥകളോടെ 6 ശതമാനം പലിശനിരക്കിൽ 5 കോടി രൂപ വരെ വായ്പ നൽകുന്ന രീതിയിലാണ് വിപുലീകരിച്ച സിഎംഇഡിപി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തേ 2 കോടി രൂപയായിരുന്നു പദ്ധതി വഴിയുള്ള വായ്പയുടെ ഉയർന്ന പരിധി. മൊത്തം പ്രോജക്ട് ചെലവിന്റെ 90% വരെ വായ്പാ സഹായം ലഭിക്കുന്ന ഈ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ഒരു വർഷം വരെയുള്ള മോറട്ടോറിയം കാലാവധിയും ലഭ്യമാണ്.
ഇതോടൊപ്പം കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്നും 100 കോടി രൂപയായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി വർധിപ്പിച്ചിട്ടുണ്ട്. പുതിയതും വളർന്നുവരുന്നതുമായ വലിയ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുന്ന സുപ്രധാന തീരുമാനമാണിത്.
ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയാകുന്ന ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ, കെ.എഫ്.സിയുടെ തിരഞ്ഞെടുത്ത സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം നിർവഹിക്കും. മികച്ച കെ.എഫ്.സി ബ്രാഞ്ചിനുള്ള പുരസ്കാരം ലോക്‌സഭാംഗം ഡോ. ശശി തരൂർ സമ്മാനിക്കും. കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഐ.എ.എസ് ചടങ്ങിൽ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെ.എഫ്.സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് പദ്ധതിയുടെ അവതരണം നടത്തും.
എം. വിൻസെന്റ് എം എൽ എ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ ഐ.എ.എസ്, ധനകാര്യ (റിസോഴ്സസ്) വകുപ്പ് സെക്രട്ടറി അജിത് പാട്ടീൽ ഐ.എ.എസ്, കോർപ്പറേഷൻ കൗൺസിലർ കെ. ആർ ക്ലീറ്റസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കെ.എഫ്.സി ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ. ആർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.
















