മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയ യുവതി പിടിയിൽ. കവർച്ചാ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പോലീസിന്റെ അന്വേഷണത്തിൽ പിടിക്കപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റൂബി (23), കാമുകൻ വിശാൽ വിമൽ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട നിലേഷ് ജാതവ് (27), ഭാര്യ റൂബിക്കും കുട്ടിക്കുമൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ വിജനമായ സ്ഥലത്തെത്തിയപ്പോൾ റൂബി തന്റെ ബാഗ് താഴെ വീണെന്ന് പറഞ്ഞ് നിലേഷിനെക്കൊണ്ട് വണ്ടി നിർത്തിച്ചു. നിലേഷ് ബാഗ് എടുക്കാനായി കുനിഞ്ഞ നിമിഷം, അവിടെ പതിയിരുന്ന വിശാലും കൂട്ടാളിയും ചേർന്ന് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
തന്റെ ഭർത്താവിനെ അജ്ഞാതരായ രണ്ട് പേർ വെടിവെച്ച് വീഴ്ത്തിയ ശേഷം കവർച്ച നടത്തി കടന്നുകളഞ്ഞു എന്നായിരുന്നു റൂബി ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ മൊഴി നൽകുന്നതിനിടെ റൂബി പ്രകടിപ്പിച്ച പരിഭ്രമവും സംസാരത്തിലെ വൈരുദ്ധ്യങ്ങളും പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധനയിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രതിയായ റൂബിയും ബന്ധുവായ വിശാലും കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വിവാഹശേഷവും ഇവർ വാട്സ്ആപ്പ് കോളുകളിലൂടെയും ചാറ്റുകളിലൂടെയും നിരന്തരം ബന്ധം പുലർത്തിയിരുന്നു. തങ്ങളുടെ പ്രണയത്തിന് നിലേഷ് തടസ്സമാകുമെന്ന് കരുതിയാണ് ഇരുവരും ചേർന്ന് ഇയാളെ വകവരുത്താൻ പദ്ധതിയിട്ടതെന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും പ്രതികളിൽ നിന്നുമായി 12 ബോർ നാടൻ തോക്ക്, വെടിയുണ്ടകൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ഒളിവിലുള്ള മൂന്നാം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

















