തൊടുപുഴ: സംഗീതജ്ഞൻ ഏലിയാസ് എൽദോസ് തൂങ്ങിമരിച്ചു. 26 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഉപകരണ സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
സൗഭാഗ്യങ്ങളുടെ കൂട്ടില്ലാതെ മാതാപിതാക്കളുടെ പരിലാളനയില്ലാതെ ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരൻ ആയിരുന്നു അദ്ദേഹം. പ്രശസ്തരായ ഗുരുക്കൻമാരുടെ ശിഷണമില്ലാതെ സ്വയംപഠിച്ച വിദ്യയുമായാണ് ഏലിയാസ് എൽദോസ് ഒന്നരവയസ്സുള്ളപ്പോൾ തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിലെത്തുന്നത്.
സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു. പീന്നീട് അനാഥാലയത്തിൽനിന്ന് സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതിനിടെ മദർ ആൻഡ് ചൈൽഡിൽ സംഗീത ട്രൂപ്പ് രൂപവത്കരിച്ചു. സംഗീത ട്രൂപ്പിന് നേതൃത്വം നൽകിയത് എൽദോസായിരുന്നു. ഒപ്പം അവിടെയുള്ള കുട്ടികളെ കീബോർഡും ഡ്രമ്മും പഠിപ്പിച്ചു.
സംഗീതമായിരുന്നു എലിയാസിന്റെ ലോകം. ഇതിനിടെ 2018-ൽ കൊച്ചി മറൈൻ ഡ്രൈവിൽ പ്രശസ്തസംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിക്കൊപ്പം വേദി പങ്കിട്ടു. ഏലിയാസിന്റെ മാന്ത്രിക പ്രകടനം സ്റ്റീഫൻ ദേവസ്സിയെപ്പോലും അതിശയിപ്പിച്ചു. കഴിഞ്ഞദിവസം ഏലിയാസിന് ഗോവയിൽ പരിപാടിയുണ്ടായിരുന്നു. പരിപാടിക്കുശേഷം ഏപ്രിൽ ആറിനും ഏഴിനും തൊടുപുഴയിലുള്ള പ്രോഗ്രാമിന് എത്താമെന്ന് ഒപ്പമുള്ളവരെ അറിയിച്ചിരുന്നു. എന്നാൽ, ഉദ്ദേശിച്ച സമയത്ത് തിരിച്ചെത്താൻ സാധിച്ചില്ല. ഏപ്രിൽ എട്ടിനാണ് തിരിച്ചെത്തിയത്. തിരികെവരുന്ന വഴി ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ കാൽമുട്ടിന് പരിക്കേറ്റിരുന്നു.
തിരികെ തൊടുപുഴയിലെത്തി ഒൻപതാം തീയതി രാത്രി കിടക്കാനായി മുറിയിലേക്കുപോയി. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ വിളിച്ചെങ്കിലും വിളികേട്ടില്ല. തുറക്കാതായതോടെ കതകുതുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകി. മൃതദേഹം സ്വദേശമായ തലക്കോട് സെയ്ന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. നാല് സഹോദരൻമാരുണ്ട്.
















