പ്രയാഗ്‌രാജിലെ കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ഉത്തർപ്രദേശ് സ്വദേശിനിയുടെ വിവാഹം കേരളത്തിൽ നടന്ന സംഭവത്തിൽ രാഷ്ട്രീയ വിവാദം പുകയുന്നു. വിവാഹത്തെ അനുകൂലിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ഈ വിവാഹത്തെ ഒരു ‘കേരള സ്റ്റോറി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കേരളത്തിലെ മതസൗഹാർദ്ദവും സുരക്ഷിതത്വവും തേടിയാണ് ദമ്പതികൾ ഇവിടെ എത്തിയതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുവാവും യുവതിയും കേരളത്തിലെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്ന് എം.വി. ഗോവിന്ദൻ വിശദീകരിച്ചു. കൃത്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് വിവാഹം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”കേരളത്തിൽ വിവാഹം കഴിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടെന്ന് അറിഞ്ഞാണ് അവർ ഇവിടെ എത്തിയത്. ആധാർ കാർഡും മറ്റ് തിരിച്ചറിയൽ രേഖകളും പോലീസ് കൃത്യമായി പരിശോധിച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല.” – എം.വി. ഗോവിന്ദൻ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. യുവതി ഹാജരാക്കിയ ആധാർ കാർഡ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിച്ചതായും അത് യഥാർത്ഥമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആധാർ കാർഡിലെ അതേ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജനന സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്താൻ നിലവിൽ മറ്റ് സംവിധാനങ്ങളില്ലെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
















