പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ ഇന്ധന വിപണിക്ക് കരുത്തേകി ആദ്യ എൽപിജി കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. 20,400 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസുമായി (LPG) വരുന്ന ‘ജഗ് വിക്രം’ എന്ന കപ്പലാണ് ഇന്ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് നങ്കൂരമിടുന്നത്. 24 നാവികരാണ് കപ്പലിലുള്ളത്.
ഇന്ധന ലഭ്യത ഉറപ്പായതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ ഭാഗികമായി പിൻവലിച്ചു. നിലവിൽ വിതരണം 70 ശതമാനമായി ഉയർത്തി പുനസ്ഥാപിച്ചതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ശേഖരം എത്തുന്നതോടെ വിതരണം പൂർണ്ണതോതിലാകും.
നിലവിൽ ഇന്ധനവുമായി വരുന്ന 15 കപ്പലുകൾ കൂടി കടൽമാർഗം ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ മേഖലയായ ഹോർമുസ് കടലിടുക്ക് കടന്നുവേണം ഇവയ്ക്ക് ഇന്ത്യൻ തീരത്തെത്താൻ. ഈ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അതീവ ജാഗ്രതയിലാണ്.
ഇന്ധന ഇറക്കുമതി തടസ്സമില്ലാതെ തുടരുന്നതിനായി വിദേശകാര്യ മന്ത്രാലയം നയതന്ത്ര ഇടപെടലുകൾ ശക്തമാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുവൈറ്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി.
















