കോട്ടയം ഗാന്ധിനഗറിൽ മുൻതൊഴിലാളി റിട്ട. ഡോക്ടറുടെ കാർ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്ന് പൊള്ളലേറ്റ് മരിച്ചു. ചെങ്ങളം സ്വദേശി ചെല്ലപ്പൻ (84) ആണ് തീ കത്തിമരിച്ചത്.
ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗം മുൻ മേധാവി ഗാന്ധിനഗർ അഞ്ചേരിൽ ഗാർഡൻ ഡോക്ടർ സി ആർ ജയകുമാറിന്റെ വീട്ടിലെ കാറാണ് കത്തി നശിപ്പിച്ചത്.
കഴിഞ്ഞ 14 വർഷമായി ഡോക്ടറുടെ വീട്ടിൽ കാവൽക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ചെല്ലപ്പൻ. ഈ മാർച്ചിൽ ആയിരുന്നു ജോലി നിർത്തിയത്. ജോലി നിർത്തുന്നതിനാൽ അതുവരെയുണ്ടായിരുന്ന പണം നൽകി. എന്നാൽ ചെല്ലപ്പൻ അതിൽ തൃപ്തനല്ലായിരുന്നു. കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് വാക്ക് തർക്കം ഉണ്ടാവുകയും ഡോക്ടറോട് കയർത്തു സംസാരിക്കുകയും ചെയ്തശേഷമാണ് മടങ്ങിപ്പോയത്.
ശേഷം ഇന്നലെ രാവിലെ കന്നാസിൽ പെട്രോളുമായി വന്നു പോർച്ചിൽ കിടന്ന കാറിലേക്ക് ഒഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റു ജോലിക്കാർ കാർ കഴുകുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ തീ ആളിക്കത്തിയപ്പോഴാണ് അതിക്രമം ആണെന്ന് മനസ്സിലായത്.
കാർ ആളിക്കത്തുന്നതിനോടൊപ്പം അടുത്തുനിന്ന് ചെല്ലപ്പന്റെ ശരീരത്തിലേക്കും തീ പടരുകയായിരുന്നു. ചെല്ലപ്പനെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 95% പൊള്ളലേറ്റ ചെല്ലപ്പൻ വൈകിട്ടോടെ മരിക്കുകയായിരുന്നു.
















