പുത്തൻ പ്രതീക്ഷകളുമായി ലോകമെങ്ങുമുള്ള മലയാളി മനം വിഷു ആഘോഷിക്കുമ്പോൾ, ശബരിമല സന്നിധാനത്ത് ഐശ്വര്യം തുളുമ്പുന്ന വിഷുക്കണി ദർശനം നടന്നു. പുലർച്ചെ മുതൽ അയ്യപ്പസ്വാമിയെ കണികാണാൻ ആയിരക്കണക്കിന് ഭക്തരാണ് മലകയറി സന്നിധാനത്തെത്തിയത്.
ശ്രീലകത്ത് അയ്യപ്പ സ്വാമിക്കൊപ്പം കണിക്കൊന്ന പൂക്കളും ധനവും ധാന്യങ്ങളും ഫലങ്ങളുമായി വിഷുക്കണി ഒരുക്കി. സർവൈശ്വര്യങ്ങളും നിറയുന്ന വിഷുപ്പുലരിയിൽ കണിദർശനത്തിനായി തിരുനട തുറന്നത് പുലർച്ചെ 4ന്.
വിഷുക്കണി ഒരുക്കിയാണ് ഇന്നലെ രാത്രി നട അടച്ചത്. പുലർച്ചെ 4ന് നട തുറന്ന് അയ്യപ്പ സ്വാമിയെ കണി കാണിച്ചു. വിഷുക്കൈനീട്ടവും നൽകി. വലിയ തിരക്കാണ് സന്നിധാനത്ത്. നിയന്ത്രണത്തിനു പൊലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
















