നഗരസഭ ബസ് സ്റ്റാൻഡിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിന് തൊട്ടുമുന്നിലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന, ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള വ്യക്തിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം യാത്രക്കാരുടെയും വ്യാപാരികളുടെയും ശ്രദ്ധയിൽപ്പെടുന്നത്.
സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി മരിച്ച വ്യക്തിക്കൊപ്പം സ്ഥിരമായി കാണാറുള്ള സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപത്തുനിന്ന് രക്തം പുരണ്ട വലിയ കല്ല് കണ്ടെത്തിയിട്ടുണ്ട്. ഈ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള സ്ത്രീയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബസ് സ്റ്റാൻഡിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















