കുടുംബത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാനെന്ന പേരിൽ കർണാടകയിൽ ദുരഭിമാനക്കൊല. കാമുകനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച യുവതിയെ ബന്ധുക്കൾ നിർബന്ധപൂർവ്വം വിഷം കഴിപ്പിച്ചു കൊലപ്പെടുത്തി. ഹുക്കേരി സ്വദേശിനി സത്യവ്വ ഹെലവാർ (24) ആണ് കൊല്ലപ്പെട്ടത്. തെളിവ് നശിപ്പിക്കാനായി മൃതദേഹം കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ ശ്മശാനത്തിൽ എത്തിച്ച് കത്തിച്ചതായും പോലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് സത്യവ്വയുടെ ബന്ധുക്കളായ പ്രകാശ് ഭീമപ്പ ഹെലവാർ (46), ഷാനൂർ സദാശിവ് ഹെലവാർ (35), കല്ലപ്പ മായപ്പ ഹെലവി (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
നാല് വർഷം മുമ്പ് സന്തോഷ് ഹെലവിയുമായി വിവാഹിതയായ സത്യവ്വ, കൃഷ്ണ പാട്ടീൽ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും ഒളിച്ചോടി വാടകവീട്ടിൽ താമസം തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. തന്റെ ഭാര്യയെ കൃഷ്ണൻ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് സത്യവ്വയുടെ ഭർത്താവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ബന്ധുക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തുകയും സത്യവ്വയെ നിർബന്ധിച്ച് തിരികെ കൊണ്ടുവരികയുമായിരുന്നു.
സത്യവ്വയെ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒളിസങ്കേതത്തിലേക്ക് മാറ്റിയ ബന്ധുക്കൾ കൃഷ്ണനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തി. എന്നാൽ താൻ കൃഷ്ണന്റെ കൂടെ മാത്രമേ ജീവിക്കൂ എന്ന ഉറച്ച തീരുമാനത്തിൽ സത്യവ്വ ഉറച്ചുനിന്നു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ മാർച്ച് 21-ന് യുവതിയെ നിർബന്ധിച്ച് വിഷം കഴിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, നിയമനടപടികൾ ഭയന്ന് കർണാടക-മഹാരാഷ്ട്ര അതിർത്തിയിലുള്ള ഒരു വിജനമായ ശ്മശാനത്തിൽ വെച്ച് മൃതദേഹം രഹസ്യമായി കത്തിച്ചു കളയുകയും ചെയ്തു.
ദിവസങ്ങളായി സത്യവ്വയെ ഫോണിൽ ലഭിക്കാതായതോടെ കാമുകനായ കൃഷ്ണൻ പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരുന്നു.
















