മണ്ഡലപുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അപാരമായ കഴിവാണ് പ്രധാനമന്ത്രിയുടെ ഏക സവിശേഷതയെന്നും അദ്ദേഹം സ്ഥിരമായി നുണ പറയുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. പുറത്തുവന്ന ബില്ലുകൾ കേന്ദ്ര സർക്കാർ മുൻപ് നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ബിൽ നടപ്പിലാക്കുന്നതോടെ ലോക്സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറയുമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായ രീതിയിൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ല.
അംബേദ്കർ ജയന്തി ദിനത്തിൽ തന്നെ ഇത്തരം ബില്ലുകൾ പുറത്തിറക്കിയത് ഭരണഘടനാ ശില്പിയോടുള്ള അപമാനമാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണിതെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം.
















