വിഷുദിനത്തിൽ നഗരത്തിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ചെളിമറ്റപ്പുറം വീട്ടിൽ സുഹൈൽ റാഷിദ് (29) ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 142 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാമിലധികം ഹാഷിഷ് ഓയിലും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
കൊച്ചി പള്ളുരുത്തി ഭാഗത്തു വെച്ചാണ് പ്രതിയെ എക്സൈസ് സംഘം ആദ്യം തടഞ്ഞുവെച്ച് പരിശോധിച്ചത്. ഈ സമയത്ത് ഇയാളുടെ പക്കൽ നിന്നും 48 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരിക്കടത്തിനായി പ്രതി ഉപയോഗിച്ചിരുന്ന ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ലഹരിമരുന്നിന്റെ ബാക്കി ശേഖരത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇടപ്പള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചായിരുന്നു സുഹൈൽ ലഹരി വ്യാപാരം നടത്തിയിരുന്നത്. എക്സൈസ് സംഘം ഈ ഹോട്ടലിൽ നടത്തിയ വിശദമായ പരിശോധനയിൽ 94.23 ഗ്രാം എം.ഡി.എം.എയും നാല് ഗ്രാമോളം ഹാഷിഷ് ഓയിലും കൂടി കണ്ടെടുത്തു. ആവശ്യക്കാർക്ക് മരുന്ന് തൂക്കി നൽകാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസ്, ഐഫോൺ 17 എന്നിവയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറത്ത് നിന്നെത്തി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് സുഹൈൽ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.
















