ശബരിമല യുവതി പ്രവേശനവിധിയില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റാണെന്ന് ഒരു കോടതിയ്ക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പന്റെ ഏകക്ഷേത്രം ശബരിമലയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. അതിനാല്‍ ലിംഗവിവേചനമുണ്ടെന്ന് പറയാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. സുപ്രിംകോടതിയില്‍ ഈ വിഷയത്തിലെ ഇന്നത്തെ വാദം പൂര്‍ത്തിയായി.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളെ പിന്തുണച്ചുകൊണ്ടുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കുന്നതിനാല്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വാദിക്കുന്നത്.ദേവസ്വം ബോര്‍ഡിനായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് ഇന്ന് ഹാജരായത്. കഴിഞ്ഞ തവണ വാദം കേള്‍ക്കുന്നതിനിടയിലും സുപ്രീംകോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു.ഹിന്ദുമതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു നീരിക്ഷണം.
Story Highlights : supreme court on sabarimala women entry case
















