പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഡൽഹിയിലെ ഇന്ദിരാ വിഹാറിൽ ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. തന്റെ കാമുകൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 21-കാരിയായ അയൽവാസി ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ ഡൽഹിയിലെ ഗുരു തെഗ് ബഹാദുർ ആശുപത്രിയിൽ ചികിത്സയിലാണ്.
സൗഹൃദം നടിച്ചെത്തിയാണ് പ്രതി ക്രൂരകൃത്യം നടപ്പിലാക്കിയത്. വർഷങ്ങളായി പരിചയമുള്ളവരും പരസ്പരം വീടുകൾ സന്ദർശിക്കുന്നവരുമാണ് ഇരുവരും. സംഭവദിവസം രാവിലെയും ഇരയുടെ വീട്ടിലെത്തിയ പ്രതി അവർക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ വീണ്ടും മടങ്ങിയെത്തുകയും തനിക്ക് മൈലാഞ്ചി ഇട്ടുതരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടി മൈലാഞ്ചി ഇട്ടു നൽകുന്നതിനിടെ ബാഗിൽ നിന്നും ‘നാരങ്ങാവെള്ളം’ ആണെന്ന് പറഞ്ഞ് ആസിഡ് അടങ്ങിയ കവർ പുറത്തെടുക്കുകയും പെൺകുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നുവെന്ന് ഇരയുടെ സഹോദരി പറഞ്ഞു.
ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തിനും ശരീരത്തിനും സാരമായ പൊള്ളലേറ്റു. ആസിഡ് വീണയുടൻ തന്നെ മുഖവും വസ്ത്രങ്ങളും ഉരുകിപ്പോയതായും കുട്ടിയുടെ കാഴ്ചശക്തിക്ക് തകരാർ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 19-നായിരുന്നു പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ പ്രതിശ്രുതവരനുമായി താൻ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും, ഇരുവരുടെയും വിവാഹം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ആക്രമണം നടത്തിയതെന്നും യുവതി വെളിപ്പെടുത്തി. പ്രതിയും യുവാവും തമ്മിൽ സംസാരിച്ചിരുന്നതായി ഫോൺ രേഖകളിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, പ്രതിയായ യുവതി കഴിഞ്ഞ പത്ത് വർഷത്തോളമായി വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് അവരുടെ കുടുംബം അവകാശപ്പെടുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
















