പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്ത തകർക്കാനും രാജ്യത്തെ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ രാഷ്ട്രീയമായി വിഭജിക്കാനുമാണ് കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയ ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന പരാജയം മുന്നിൽക്കണ്ടുള്ള തന്ത്രപരമായ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ ബില്ല് നിയമമാകുന്നതോടെ രാജ്യത്തെ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കാൻ സർക്കാരിന് കേവല ഭൂരിപക്ഷം മാത്രം മതിയാകുമെന്നതാണ് ഏറ്റവും വലിയ അപകടമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. പാർലമെന്റിനെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാതെ, ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം ഈ ബില്ലിലൂടെ സർക്കാർ കൈക്കലാക്കുകയാണ്. ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
അസമിലും ജമ്മു കാശ്മീരിലും മണ്ഡലങ്ങൾ തങ്ങൾക്കനുകൂലമായി വെട്ടിമാറ്റി രാഷ്ട്രീയ നേട്ടം കൊയ്ത രീതി രാജ്യവ്യാപകമാക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനായി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണിവിടെ കാണുന്നത്. ജനഹിതത്തെ അട്ടിമറിക്കാൻ ഇത്തരം കുറുക്കുവഴികളിലൂടെ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
















