സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കുംഭമേള ‘വൈറൽ’ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തി. തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയ സംഘം പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. എന്നാൽ തനിക്ക് പ്രായപൂർത്തിയായെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെയും സമീപിച്ചു.
പെൺകുട്ടി നിലവിൽ കൊച്ചിയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്നംഗ മധ്യപ്രദേശ് പോലീസ് സംഘം നഗരത്തിലെത്തിയത്. കേസിൽ നേരത്തെ വിവാദമായ പോക്സോ വകുപ്പുകൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ, യുവതിയെ മധ്യപ്രദേശിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പെൺകുട്ടിയെ കണ്ടെത്താനായി തൃക്കാക്കര പോലീസിന്റെ സഹായവും സംഘം തേടിയിട്ടുണ്ട്.
യുവതിയുടെ പങ്കാളിയായ ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നേരത്തെ മധ്യപ്രദേശ് പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും കേരള ഹൈക്കോടതി അത് തടഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്. നിലവിൽ മധ്യപ്രദേശിലേക്ക് തന്നെ കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും കേരളത്തിൽ സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കണമെന്നുമാണ് പെൺകുട്ടിയുടെ ആവശ്യം.
















