ദുൽഖർ സൽമാൻ നായകനാവുന്ന ആക്‌ഷന്‍ എന്റർടെയ്നർ ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ പ്രതീക്ഷയാണുള്ളത്.
ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ സിനിമയുടെ പൂർത്തിയായിരിക്കുകയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.
സിനിമയുടെ ഷൂട്ടിംഗ് പാക്കപ്പ് ആയികൊണ്ടുള്ള വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദുൽഖറിനെയും വീഡിയോയിൽ കാണാവുന്നതാണ്. മൂന്നു വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന ദുൽഖർ ചിത്രമാണിത്.
ആഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഐ ആം ഗെയിമിൽ താൻ വളരെ മോഡേൺ ആണെന്നും റെട്രോ സ്റ്റൈൽ ആയിരിക്കില്ലെന്നും ദുൽഖർ നേരത്തെ തന്നെ പറഞ്ഞിരുന്നു. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.
ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‍കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് എന്നിവരാണ്.
സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
















