ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അഞ്ചാം ദിവസത്തെ വാദം ഇന്ന് തുടരും. മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ എന്നിവരാണ് ഇന്ന് പ്രധാനമായും കോടതിയിൽ വാദങ്ങൾ നിരത്തുക.
ബോറ സമുദായത്തിന് വേണ്ടി ഹാജരാകുന്ന ഗോപാൽ സുബ്രഹ്മണ്യത്തിന്റെ വാദത്തിന് പിന്നാലെ, യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ ഭാഗത്തുനിന്നുള്ള മറ്റ് വാദങ്ങളും നടക്കും.
ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് പറയാൻ കോടതികൾക്ക് എങ്ങനെ സാധിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചത് ഇന്നത്തെ വാദങ്ങളിലും നിർണ്ണായകമാകും.
സംസ്ഥാന സർക്കാരിന്റെ നിലപാടാണ് ഇന്നത്തെ മറ്റൊരു പ്രധാന ആകർഷണം. യുവതികൾ പ്രവേശിക്കണോ വേണ്ടയോ എന്നതിൽ നേരിട്ടുള്ള നിലപാട് വ്യക്തമാക്കുന്നതിന് പകരം, യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ട് വാദിക്കാനാണ് സർക്കാർ അനുമതി തേടിയിരിക്കുന്നത്.
ഈ വിഷയത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചു എന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരാകും.
















