ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ വിപ്ലവത്തിന് തുടക്കമിട്ട ബി.പി.എൽ. സ്ഥാപക ചെയർമാൻ പരേതനായ ടി.പി.ജി. നമ്പ്യാരുടെ സ്മരണകൾ പുതുക്കി മുൻ ജീവനക്കാർ ഒത്തുചേർന്നു. പാലക്കാട് ഹോട്ടൽ ഗസാലയിൽ നടന്ന സായാഹ്ന സംഗമത്തിൽ പാലക്കാട്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള മുൻ സഹപ്രവർത്തകർ പങ്കെടുത്തു.
പാലക്കാട് ഒരു ചെറിയ തുടക്കത്തിൽ നിന്നാരംഭിച്ച ബി.പി.എൽ., രാജ്യവ്യാപകമായും വിദേശരാജ്യങ്ങളിലും (ശ്രീലങ്ക, ജി.സി.സി., യൂറോപ്പ്) ശക്തമായ വിപണി സാനിധ്യം നേടിയത് ഈ കൂടിക്കാഴ്ചയിൽ അനുസ്മരിക്കപ്പെട്ടു. “ദി ബ്രാൻഡ് പീപ്പിൾ ലവ്” എന്ന വിശേഷണം ബി.പി.എൽ. സ്വന്തമാക്കിയത് ഗുണമേന്മയിലുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം മൂലമാണെന്ന് ജീവനക്കാർ ഓർത്തെടുത്തു.
ചടങ്ങിൽ മുതിർന്ന ജീവനക്കാരനായ ശ്രീ. പി.വി. രവീന്ദ്രനെയും, എൻ. എം. രവീദ്രനാഥിനെയും ആദരിച്ചു. മുൻ ജീവനക്കാരനായ ശ്രീ. രാജൻ വി. കോക്കൂരി രചിച്ച പുസ്തകത്തിന്റെ ഒന്നും രണ്ടും പതിപ്പുകൾ ചടങ്ങിൽ വിതരണം ചെയ്തു. ബി.പി.എല്ലിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച മൂന്ന് വ്യക്തിത്വങ്ങളെക്കുറിച്ച് (സ്ഥാപകൻ ടി.പി.ജി. നമ്പ്യാർ, കെ.പി.ആർ. നമ്പ്യാർ, എം.എ. ഉപ്പൽ) ഈ പുസ്തകം വിശദീകരിക്കുന്നു. രവീന്ദ്രൻ നമ്പ്യാർ, വർഗീസ് അബ്രഹാം, ഉണ്ണികൃഷ്ണ കുറുപ്പ് എന്നിവരുടെ പരിശ്രമഫലമായാണ് ഈ ഗ്രന്ഥം യാഥാർത്ഥ്യമായത്. ഗ്രന്ഥകർത്താവായ രാജൻ വി. കോക്കൂരി ഇതിനോടകം ഏഴോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീ. എം.വി. കുമാർദാസ് മേനോൻ സ്വാഗത പ്രസംഗത്തിൽ വളരെ ഒരുപാട് ഓർമകൾ പുതുക്കുകയും വളരെ പ്രചോദനമായ രസകരമായ സംഭാഷണം നടത്തി. കെ. പി. ആർ. നമ്പ്യാർ, കെ. ആർ. വി. പണിക്കർ, പളനിയപ്പൻ എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. ബി.പി.എൽ. ചരിത്രം പറയുന്ന പുസ്തകമായ ‘ബോൺ ടു ഡ്രീം’ എഴുതിയ രാജൻ വി. കോക്കൂരി തന്റെ സന്ദേശത്തിലൂടെ ബി.പി.എൽ. അനുഭവങ്ങളും, പുസ്തകങ്ങൾ എഴുതുവാനുണ്ടായ സന്ദർഭവും വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു.

ശ്രീ. സേതുമാധവൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ഒത്തുചേരൽ, പഴയകാല ജോലിജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെക്കാനുള്ള വേദിയായി മാറി. ഇത്തരം സംഗമങ്ങൾ വരുംകാലങ്ങളിലും തുടരണമെന്ന ആഗ്രഹത്തോടെയാണ് യോഗം സമാപിച്ചത്.
















