തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയാകാൻ ലക്ഷ്യമിട്ട് നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം തങ്ങളുടെ പ്രകടനപത്രിക പ്രഖ്യാപിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തായ സൗജന്യ പദ്ധതികളെ നെഞ്ചേറ്റിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇതിൽ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക മുൻഗണന നൽകുന്ന പദ്ധതികളിലൂടെ സംസ്ഥാന ഭരണത്തിൽ വലിയ അഴിച്ചുപണിയാണ് വിജയ് ലക്ഷ്യമിടുന്നത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് 60 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുമെന്നതാണ് പ്രകടനപത്രികയിലെ ഏറ്റവും ആകർഷകമായ വാഗ്ദാനം. ഇതിനുപുറമെ, സാധാരണക്കാർക്ക് ആശ്വാസമായി വർഷത്തിൽ 6 പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും, എല്ലാ വീടുകളിലും 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും ടിവികെ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും പാർട്ടി ഉറപ്പുനൽകുന്നു.
വിദ്യാഭ്യാസ മേഖലയിൽ ‘കാമരാജൻ സ്കൂൾ ഓഫ് എക്സലൻസ്’ എന്ന പേരിൽ 100 അത്യാധുനിക വിദ്യാലയങ്ങൾ സ്ഥാപിക്കുമെന്ന് വിജയ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഈടുരഹിത വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപയും, ഡിപ്ലോമക്കാർക്ക് 2000 രൂപയും സഹായധനമായി നൽകും. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന കുടുംബശ്രീ മാതൃകയിലുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്.
പാവപ്പെട്ട യുവതികളുടെ വിവാഹത്തിന് 8 ഗ്രാം സ്വർണ്ണവും പട്ടുസാരിയും നൽകുമെന്ന വാഗ്ദാനം തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളെ ലക്ഷ്യം വെച്ചുള്ളതാണ്. ഡിഎംകെ, എഐഡിഎംകെ എന്നീ കക്ഷികളുടെ അതേ പാതയിലാണോ സഞ്ചരിക്കുന്നത് എന്ന ചോദ്യത്തിന്, താൻ നൽകുന്ന വാഗ്ദാനങ്ങൾ പ്രായോഗികമാണെന്നും അഴിമതിയുടെ കാര്യത്തിൽ താൻ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തനാണെന്നും വിജയ് മറുപടി നൽകി. നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ താൻ ജനങ്ങൾക്ക് നൽകുന്നുള്ളൂ എന്ന് അദ്ദേഹം ആവർത്തിച്ചു.
















