കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണ്ണായക വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന വാദങ്ങളെ ഖണ്ഡിക്കുന്ന രേഖകളും ദൃശ്യങ്ങളുമാണ് അദ്ദേഹം പുറത്തുവിട്ടത്. പെൺകുട്ടിയുടെ സഹോദരന്റെ ജനന സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്തിയാണ് പ്രായം കുറച്ചു കാണിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പെൺകുട്ടിയുടെ വയസ്സ് സംബന്ധിച്ച് മധ്യപ്രദേശ് പൊലീസ് ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സഹോദരന്റെ ജനന സർട്ടിഫിക്കറ്റിലെ ‘ലഡ്ക’ (ആൺകുട്ടി) എന്നത് തിരുത്തി ‘ലഡ്കി’ (പെൺകുട്ടി) എന്നാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 16 വയസ്സുള്ള അനിയന്റെ ജനന തീയതി തന്നെയാണ് പെൺകുട്ടിയുടേതായും രേഖപ്പെടുത്തിയിരിക്കുന്നത്. അനിയനും ചേച്ചിക്കും ഒരേ പ്രായം എങ്ങനെ വരുമെന്ന് അദ്ദേഹം ചോദിച്ചു. പെൺകുട്ടിയുടെ യഥാർത്ഥ പ്രായം തെളിയിക്കുന്ന പഴയ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ വിവരങ്ങളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
പെൺകുട്ടിയും ഭർത്താവും ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഈ വിവാഹത്തെ ‘ലൗ ജിഹാദ്’ എന്ന് മുദ്രകുത്തുന്നത് തെറ്റാണെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ഇരുവരും പരസ്പര സമ്മതത്തോടെയാണ് വിവാഹിതരായതെന്നും ലൗ ജിഹാദ് ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയും ഭർത്താവുമായും സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിന്റെ ഭാഗമായി പുറത്തുവിട്ടു.
















