ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, കടുത്ത സൈനിക നടപടിയുടെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ്. വരും ദിവസങ്ങളിൽ കൃത്യമായൊരു ധാരണയിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്നും ബോംബാക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ബുധനാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്.
വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഒട്ടും താൽപ്പര്യമില്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിനിർത്തൽ കരാർ അവസാനിച്ചാലും ഇറാനിലെ പ്രധാന തുറമുഖങ്ങൾ ലക്ഷ്യം വെച്ചുള്ള നാവിക ഉപരോധം തുടരാനാണ് അമേരിക്കയുടെ തീരുമാനം. “ഒരുപക്ഷേ ഞാൻ വെടിനിർത്തൽ നീട്ടിയെന്നു വരില്ല, പക്ഷേ ഉപരോധം ശക്തമായി തന്നെ നിലനിൽക്കും. ഇതിന് ഇറാൻ വഴങ്ങുന്നില്ലെങ്കിൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും,” ട്രംപ് വ്യക്തമാക്കി.
















