വനിതാ സംവരണവുമായി സംബന്ധിച്ച രാഷ്ട്രീയ തർക്കത്തിൽ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനായി ജനങ്ങളോട് നുണ പറയരുതെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിക്കരുതെന്നും പ്രകാശ് രാജ് ആഞ്ഞടിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വനിതാ സംവരണ ബില്ല് പരാജയപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നു എന്നാരോപിച്ച് പവൻ കല്യാൺ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ വെള്ളപൂശാനാണ് പവൻ കല്യാൺ ശ്രമിക്കുന്നതെന്നും, മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും പ്രകാശ് രാജ് ആരോപിച്ചു.
നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണമെന്ന് പവൻ കല്യാണിനോട് പ്രകാശ് രാജ് ആവശ്യപ്പെട്ടു. 2023-ൽ തന്നെ വനിതാ സംവരണ ബില്ലിന് അംഗീകാരം ലഭിച്ചതാണെന്നും അത് നടപ്പിലാക്കാൻ ഇപ്പോഴും തടസ്സങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വനിതാ സംവരണത്തിന്റെ മറവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയുന്ന രീതിയിലുള്ള മണ്ഡല പുനർനിർണയ ബില്ല് പാസാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളും ആത്മാഭിമാനവും വിറ്റഴിക്കരുതെന്ന് പ്രകാശ് രാജ് ഓർമ്മിപ്പിച്ചു. ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം തിരിച്ചടിയാകുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. ഈ വിഷയത്തിൽ പവൻ കല്യാണിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച പ്രകാശ് രാജ്, കാര്യങ്ങൾ വിശദീകരിക്കാൻ താൻ തയ്യാറാണെന്നും ഉപമുഖ്യമന്ത്രിക്ക് അതിന് ധൈര്യമുണ്ടോ എന്നും ചോദിച്ചു.
















