സംസ്ഥാനത്ത് പാൽ വില ഉടൻ വർദ്ധിച്ചേക്കുമെന്ന് സൂചന.പാൽ വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന് മിൽമ ചെയർമാൻ വ്യക്തമാക്കി. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് മാസം മുൻപ് തന്നെ മിൽമ ഡയറക്ടർ ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതിന് ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. സർക്കാരിന്റെ പച്ചക്കൊടി ലഭിക്കാതെ ഏകപക്ഷീയമായി വില കൂട്ടാൻ മിൽമയ്ക്ക് സാധിക്കില്ല എന്ന സാങ്കേതിക തടസ്സമാണ് നിലവിലുള്ളത്.
തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് മിൽമ എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പട്ടത്തെ മിൽമ ആസ്ഥാനത്ത് പ്രതിഷേധം രേഖപ്പെടുത്തി. വില വർദ്ധന നടപ്പിലാക്കാത്തത് സാധാരണക്കാരായ കർഷകരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ഭാരവാഹികൾ ആരോപിച്ചു. ആറ് മാസം മുൻപ് കൈക്കൊണ്ട തീരുമാനം നടപ്പിലാക്കാൻ സർക്കാർ മടിക്കുന്നത് കർഷകരോടുള്ള അവഗണനയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ മിൽമയുടെ ശുപാർശയിൽ തീരുമാനമെടുക്കാതിരുന്നതെന്നാണ് സൂചന.എന്നാൽ, പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ മിൽമയുടെ ശുപാർശ വീണ്ടും പരിഗണനയ്ക്ക് വരികയും പാൽ വിലയിൽ മാറ്റം ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















