ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. മേഖലയിലൂടെ പ്രവേശിക്കാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ‘ശത്രുപക്ഷമായി’ കണക്കാക്കി ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) കർശന മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കടലിടുക്കിന് സമീപം രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തതിന് പിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം.
ഇറാഖിൽ നിന്നുള്ള എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ‘ജഗ് അർണവ്’ (Jag Arnav), ‘സൻമാർ ഹെറാൾഡ്’ (Sanmar Herald) എന്നീ കപ്പലുകൾക്ക് നേരെയാണ് ഇറാൻ നാവികസേന വെടിയുതിർത്തത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കടലിടുക്ക് അടച്ച സാഹചര്യത്തിൽ കപ്പലുകൾ ഒമാൻ കടലിലോ പേർഷ്യൻ ഗൾഫിലോ തന്നെ നങ്കൂരമിടണമെന്ന് ഇറാൻ നാവികസേന കർശന നിർദ്ദേശം നൽകി.
അമേരിക്കൻ ഗവൺമെന്റ് മുൻപ് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതാണ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ കാരണമെന്ന് ഇറാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നിലവിൽ വന്നിരുന്ന വെടിനിർത്തൽ കരാർ അസ്ഥിരമായതും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
”അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് യാതൊരു വിലയുമില്ല. കപ്പലുടമകൾ ഐആർജിസി നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രമേ പിന്തുടരാവൂ.” – ഐആർജിസി വെബ്‌സൈറ്റിലൂടെ അറിയിച്ചു.
















