വനിതാസംവരണ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന കടമ്പ കടക്കാൻ സർക്കാരിന് കഴിയാതെ വന്നതോടെ മോദി ഗവൺമെന്റിന്റെ നിർണ്ണായക നീക്കമാണ് പാളിയത്. ബിൽ പരാജയപ്പെട്ടതോടെ രാഷ്ട്രീയമായ പ്രതിരോധത്തിലാണ് എൻ.ഡി.എ ക്യാമ്പ്.
ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പെട്ടെന്നൊരു പ്രത്യാക്രമണത്തിന് ബിജെപി തയ്യാറായേക്കില്ല. മെയ് നാലിന് പുറത്തുവരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാകും കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കങ്ങളെ സ്വാധീനിക്കുക. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ മാത്രം വിഷയം വീണ്ടും സജീവമാക്കാനാണ് മോദി-അമിത് ഷാ ദ്വയങ്ങളുടെ നീക്കം. അതുവരെ ജാഗ്രതയോടെയുള്ള കാത്തിരിപ്പിനാകും പാർട്ടി മുൻഗണന നൽകുക.
ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം സഭയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അസാധ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സർക്കാർ ബിൽ അവതരിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്. രാഷ്ട്രീയമായ മൈലേജ് ലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നു ഇതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. സഭയിൽ ബിൽ പരാജയപ്പെട്ടെങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതൊരു പ്രധാന രാഷ്ട്രീയ ആയുധമാക്കാനാണ് ഭരണ-പ്രതിപക്ഷ സഖ്യങ്ങൾ ഒരുങ്ങുന്നത്.
















