അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളജ് അധികൃതർക്ക് പങ്കില്ലെന്ന വിശദീകരണവുമായി മാനേജ്മെന്റ് രംഗത്ത്. നിതിന്റെ മരണത്തിന് കാരണം ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണെന്നും കോളജിനെതിരെയുള്ള ജാതി വിവേചന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രെസ്റ്റിജ് എഡ്യൂക്കേഷണൽ ട്രസ്റ്റ് മെഡിക്കൽ ഡയറക്ടർ പി. അദ്നാൻ സിദ്ദിഖ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
സഹോദരീ ഭർത്താവിന് വേണ്ടിയാണ് നിതിൻ ഓൺലൈൻ ആപ്പിൽ നിന്ന് ലോൺ എടുത്തതെന്ന് മാനേജ്മെന്റ് പറയുന്നു. ലോൺ ആപ്പിന് റഫറൻസ് നമ്പറായി തന്റെ ഫോൺ നമ്പർ നൽകിയത് മാറ്റണമെന്ന് ഒരു അധ്യാപിക നിതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ ആവർത്തിച്ചു. ഇതേത്തുടർന്ന് വിഷയം സൈബർ സെല്ലിന് കൈമാറാൻ അധ്യാപിക തീരുമാനിച്ചു. ഈ സംഭവത്തിന് പിന്നാലെയാണ് നിതിൻ ജീവനൊടുക്കിയതെന്ന് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
കോളജിന് പുറത്ത് നിതിൻ ചില പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നും ആ സമയത്തെല്ലാം കോളജ് അധികൃതർ നിതിനെ സഹായിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് അവകാശപ്പെടുന്നു. നിതിൻ മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയത്ത് കൗൺസിലിംഗ് നൽകുമെന്ന് ഉറപ്പ് നൽകിയാണ് രക്ഷിതാക്കൾ അവനെ വീട്ടിലേക്ക് കൊണ്ടുപോയത്. ഇക്കാര്യം പോലീസ് സ്റ്റേഷനിലും കോളജിലും രേഖാമൂലം അറിയിച്ചിരുന്നു. പിന്നീട് അധ്യാപികമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിതിൻ തിരികെ കോളജിലെത്തിയത്. നിതിൻ ഒരിക്കൽ പോലും കോളജിനെതിരെയോ അധ്യാപകർക്കെതിരെയോ പരാതി നൽകിയിട്ടില്ലെന്നും മാനേജ്മെന്റ് പറയുന്നു.
















