സംഘർഷം നിലനിൽക്കുന്നതിനിടയിലും ഇന്ത്യൻ പതാകയുള്ള പത്താമത്തെ കപ്പൽ വിജയകരമായി ഹോർമുസ് കടലിടുക്ക് കടന്നു. എന്നാൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) ആക്രമിച്ച ജാഗ് അർനവ് ഉൾപ്പെടെ 16 കപ്പലുകളെ ഒഴിപ്പിക്കുന്നതിനായി മന്ത്രാലയം പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
നിലവിൽ വിവിധ മേഖലകളിലായി 20-ലധികം ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പേർഷ്യൻ ഗൾഫിൽ 13-ഉം ഒമാൻ ഉൾക്കടലിൽ ആറും ഏദൻ ഉൾക്കടലിലും ചെങ്കടലിലുമായി നാല് കപ്പലുകളുമാണ് തുടരുന്നത്.
അതേസമയം പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് നേരെ ഇറാനിയൻ ബോട്ടുകൾ വെടിവെപ്പ് നടത്തിയിരുന്നു. സൻമാർ ഹെറാൾഡ്, ജാഗ് അർനവ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
















