ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയെന്ന യു.എസ് പ്രഖ്യാപനത്തെ പൂർണ്ണമായി സ്വാഗതം ചെയ്ത് ഒമാൻ. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയുടെ സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഏറെ നാളായി തുടരുന്ന സംഘർഷത്തിന് വിരാമമിടാൻ അമേരിക്ക നടത്തിയ നയതന്ത്ര നീക്കങ്ങളെയും മധ്യസ്ഥതയെയും ഒമാൻ പ്രശംസിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ വാഷിംഗ്ടൺ കാണിച്ച ജാഗ്രത പ്രശംസനീയമാണെന്നും, പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ വെടിനിർത്തൽ കരാർ ഒരു നിർണ്ണായക നാഴികക്കല്ലാകുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപനം കേവലം ഔദ്യോഗികമായി ഒതുങ്ങാതെ, കരാറിലെ വ്യവസ്ഥകൾ ബന്ധപ്പെട്ട എല്ലാ കക്ഷികളും ഒരുപോലെയും കൃത്യമായും പാലിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങളെ പിന്നോട്ടടിക്കുന്നതോ കരാർ ലംഘിക്കുന്നതോ ആയ യാതൊരുവിധ നീക്കങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
















