വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം 200 സീറ്റുകൾക്ക് മുകളിൽ നേടി അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബിജെപിയുടെ തന്ത്രങ്ങളെ കടന്നാക്രമിച്ചും തമിഴ് വികാരം ഉയർത്തിപ്പിടിച്ചുമാണ് സ്റ്റാലിൻ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അണ്ണാ ഡിഎംകെയുടെ മുഖംമൂടി അഴിപ്പിച്ചു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കൾ നീക്കുന്നതെന്നും, തമിഴ്നാടും എൻഡിഎയും തമ്മിലാണ് പോരാട്ടമെന്ന ബിജെപി പ്രചാരണം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ തുറന്നടിച്ചു.
ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളലുണ്ടെന്ന ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെയും ആരോപണങ്ങൾക്ക് സ്റ്റാലിൻ ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. താനും രാഹുൽ ഗാന്ധിയും ഒരേ ലക്ഷ്യത്തിലേക്കായി രണ്ട് ദിശകളിൽ സഞ്ചരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. സഖ്യത്തിന്റെ വിജയത്തിനായി തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. താൻ ചെന്നൈ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ രാഹുൽ ഗാന്ധി തെക്കൻ തമിഴ്നാട്ടിൽ ജനവിധി തേടുകയാണ്. ഇത് ഭിന്നതയല്ല, മറിച്ച് തമിഴ്നാടിന്റെ എല്ലാ മേഖലകളിലും സ്വാധീനമുറപ്പിക്കാനുള്ള ബോധപൂർവ്വമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴടങ്ങാത്ത തന്നെ മാറ്റാൻ ബിജെപി ശ്രമിക്കുന്നത് ഒരു ‘അടിമക്കൂട്ടത്തെ’ തമിഴ്നാടിന്റെ ഭരണചക്രം ഏൽപ്പിക്കാനാണെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളെ സ്റ്റാലിൻ പ്രത്യേകം പ്രശംസിച്ചു. ബിജെപിയുടെ രാഷ്ട്രീയ അധിനിവേശത്തെ ചെറുക്കാൻ ഈ ഐക്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അണ്ണാ ഡിഎംകെ ബിജെപിയുടെ തണലിൽ നിൽക്കുന്ന വെറും പാവകളാണെന്നും അവരെ ജനമധ്യത്തിൽ തുറന്നുകാട്ടുമെന്നും വ്യക്തമാക്കിയ സ്റ്റാലിൻ, ഡിഎംകെ-കോൺഗ്രസ് സഖ്യം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്ന് ആവർത്തിച്ചു.
















