നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. ഹൃദയശസ്ത്രക്രിയക്കായി എറണാകുളം രാജഗിരിയിൽ ആയിരുന്നു അദ്ദേഹം. ബ്ലോക്കിനെത്തുടർന്നാണ് കണ്ണൻ സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയ നടൻ സഹായം അഭ്യർഥിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ, മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’ കണ്ണൻ സാഗറിന് സഹായവുമായെത്തി. ശസ്ത്രക്രിയയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടിയാണെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കണ്ണൻ സാഗർ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് ആശുപത്രി വിട്ട കാര്യം കണ്ണൻ സാഗർ അറിയിച്ചത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊപ്പമുള്ള ചിത്രം നടൻ പങ്കുവെച്ചു. ഡോക്ടർമാരുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ കൂടാതെ തന്നെ സഹായിച്ച മമ്മൂട്ടി, രമേഷ് പിഷാരടി, സാജു കൊടിയൻ, കെ.എസ്. പ്രസാദ് എന്നിവരോടും തനിക്കുള്ള കടപ്പാട് കണ്ണൻ സാഗർ ഫെയ്‌സ്ബുക്കിൽ അറിയിച്ചു.
കണ്ണൻ സാഗർ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യംചെയ്ത ‘ആട് 3’-യും ‘വാഴ 2’-വും റിലീസ് ചെയ്തത്. ‘വാഴ 2’-ൽ ബിജുക്കുട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൂത്തസഹോദരനായാണ് കണ്ണൻ സാഗർ എത്തിയത്. കഥാപാത്രം വലിയ തോതിൽ ചർച്ചയായിരുന്നു.
















