വയനാട് ദുരന്തബാധിതനായ നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പരിശോധന നടത്തുകയും അപമാനിക്കുകയും ചെയ്ത മന്ത്രി കെ. രാജൻ പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. ടൗൺഷിപ്പിലെ വിള്ളൽ പരിശോധനയ്ക്കിടെ മന്ത്രി കാണിച്ചത് ശുദ്ധമായ രാഷ്ട്രീയ നാടകമാണെന്നും ദുരന്തബാധിതരെ മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കെ. രാജൻ ടൗൺഷിപ്പിലെത്തിയപ്പോൾ തൊട്ടടുത്ത വീടുകളിലും വിള്ളലുകൾ ഉണ്ടായിരുന്നിട്ടും അവിടെയൊന്നും പരിശോധന നടത്തിയില്ലെന്ന് ജനീഷ് ആരോപിച്ചു. വീടിന്റെ ഉടമസ്ഥനായ നൗഫലിനോട് കാര്യങ്ങൾ വിശദീകരിക്കുന്നതിന് പകരം സിപിഐഎം ജില്ലാ സെക്രട്ടറിയോടാണ് മന്ത്രി സംസാരിച്ചത്. മന്ത്രിയുടെ പെരുമാറ്റം തികച്ചും അസ്വാഭാവികമായിരുന്നുവെന്നും ജനങ്ങളെ അപമാനിക്കുന്ന രീതിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നൗഫലിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഡിവൈഎഫ്ഐ നടത്തുന്ന സൈബർ ലിഞ്ചിംഗിനെയും യൂത്ത് കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. “വയനാട്ടിലെ ദുരന്തബാധിതർക്ക് സ്വന്തം അഭിപ്രായം പറയാൻ ഡിവൈഎഫ്ഐക്കാരെ പേടിക്കണോ?” എന്ന് ജനീഷ് ചോദിച്ചു. കേരളത്തിലെ പ്രമുഖർക്ക് ലഭിക്കുന്ന അതേ അവകാശവും പരിഗണനയും നൗഫലിനും അവകാശപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















