രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയും മണിപ്പൂരിനെ കലുഷിതമാക്കിയും ബിജെപി ഇന്ത്യയെ തകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്ട്രീയത്തിന് തമിഴ് മണ്ണിൽ ഇടമുണ്ടാകില്ലെന്നും മണിപ്പൂരിലടക്കം ബിജെപി പടർത്തുന്ന വിദ്വേഷത്തെ ചെറുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭാരത് ജോഡോ യാത്രയിലൂടെ താൻ മുന്നോട്ടുവെച്ച ഐക്യത്തിന്റെ സന്ദേശം ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള മറുപടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയെക്കുറിച്ച് രണ്ട് വ്യത്യസ്ത ദർശനങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഓരോ സംസ്ഥാനവും സ്വയംഭരണാധികാരത്തോടെ നിലനിൽക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുമ്പോൾ, എല്ലാ സംസ്ഥാനങ്ങളെയും ആർഎസ്എസ് എന്ന രാഷ്ട്രീയ സംഘടനയ്ക്ക് കീഴിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയ എഐഎഡിഎംകെ ഇപ്പോൾ പഴയ പ്രതാപത്തിന്റെ ‘പൊള്ളയായ പുറംതോട്’ മാത്രമായി മാറിയെന്ന് രാഹുൽ പരിഹസിച്ചു. മുൻകാലങ്ങളിൽ തമിഴ് സംസ്‌കാരത്തെയും താൽപ്പര്യങ്ങളെയും സംരക്ഷിച്ച മികച്ച നേതാക്കൾ ആ പാർട്ടിക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് അഴിമതിയിൽ മുങ്ങിയ ആ പാർട്ടി ബിജെപിയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”അമിത് ഷായും നരേന്ദ്ര മോദിയും തമിഴ്‌നാടിനെ പിടിച്ചെടുക്കാൻ എഐഎഡിഎംകെയെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്ത വിധം അവർ ബിജെപിക്ക് കീഴടങ്ങിയിരിക്കുന്നു.” – രാഹുൽ ഗാന്ധി പറഞ്ഞു.
















