തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉഗ്രസ്ഫോടനം. തൃശൂർ പൂരത്തിന് മുന്നോടിയായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാൽപ്പതോളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.
തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ ‘സാമ്പിൾ പുര’യ്ക്കാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിച്ചത്. ഉഗ്രസ്ഫോടനത്തെ തുടർന്ന് വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടനശബ്ദം കേട്ടതായും സമീപത്തെ വീടുകൾക്ക് കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. സ്ഫോടനം നടന്ന സമയത്ത് നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ആദ്യ സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടക്കുമ്പോഴും തുടർച്ചയായ പൊട്ടിത്തെറികൾ ഉണ്ടായത് പരിഭ്രാന്തി വർദ്ധിപ്പിച്ചു.
അപകടം നടന്ന ഉടനെ തന്നെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇടുങ്ങിയ വഴിയായതിനാൽ അഗ്നിശമന സേനയ്ക്ക് സംഭവസ്ഥലത്തേക്ക് എത്തുന്നതിന് തടസ്സങ്ങൾ നേരിട്ടു. തുടർന്ന് മതിൽ തകർത്താണ് ഫയർഫോഴ്സ് ഉള്ളിലേക്ക് കടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കും മാറ്റി. നിലവിൽ പത്തോളം ആംബുലൻസുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ വെടിക്കെട്ട് ലൈസൻസിയായ സതീഷും ഉൾപ്പെടുന്നു.
















