സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ അഞ്ച് വയസുകാരൻ കാനയിൽ വീണ് മരിച്ചു. തമ്മനത്തെ പ്രീ-സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ആദം ആണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട്ടുള്ള ജംഗിൾ പാർക്കിന് സമീപമാണ് ദാരുണമായ ഈ സംഭവം നടന്നത്.
സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കായി അധ്യാപകർക്കും മറ്റ് കുട്ടികൾക്കുമൊപ്പമാണ് ആദം ജംഗിൾ പാർക്കിൽ എത്തിയത്. പാർക്കിന് പുറത്തുള്ള കാനയിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാനയിൽ വീണ നിലയിൽ കണ്ടെത്തിയത്.
കാനയിൽ നിന്നും ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാനയിൽ വെള്ളം കെട്ടിക്കിടന്നിരുന്നതായും കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് സൂചന.
















