ബംഗളൂരുവിൽ കാമുകനെ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുമകുരു സ്വദേശിയായ കിരൺ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകി പ്രേമയെ (27) പോലീസ് അറസ്റ്റ് ചെയ്തു.
‘ഒരു സർപ്രൈസ് തരാം’ എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ കാമുകനെ കെട്ടിയിട്ട് തീകൊളുത്തി കൊലപെടുത്തുകയായിരുന്നു . ബംഗളൂരു രാജാജി നഗറിലെ മൊബൈൽ ഷോപ്പ് ജീവനക്കാരാണ് ഇരുവരും. ചൊവ്വാഴ്ച ആഞ്ജനാ നഗറിലെ പ്രേമയുടെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രേമ കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ പ്രേമയുടെ വിവാഹ അഭ്യർത്ഥന കിരൺ നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. വീട്ടുകാർ ജോലിക്ക് പോയ സമയം നോക്കി, തനിക്ക് ഒരു സർപ്രൈസ് നൽകാനുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രേമ കിരണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശാരീരിക ബന്ധത്തിന് എന്ന വ്യാജേന കിരണിന്റെ കൈകാലുകളും കണ്ണുകളും കെട്ടിയിട്ട ശേഷം, കരുതിവെച്ചിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
യുവതിയുടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും കിരൺ പൂർണ്ണമായും വെന്തുമരിച്ചിരുന്നു. ആദ്യം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രേമ ശ്രമിച്ചെങ്കിലും, പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ സത്യം പുറത്തുവന്നു. കൊലപാതക ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
















