പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ, കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. വെറുപ്പും ഭയവും വിതയ്ക്കുന്ന ശക്തികൾക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും കൂടുതൽ കരുത്തോടെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഒരു വർഷം മുൻപ് ഇതേ ദിവസമാണ് പ്രകൃതിഭംഗി തുളുമ്പുന്ന പഹൽഗാമിലെ ബൈസരൻ താഴ്‌വര ചോരയിൽ കുതിർന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പാക് ഭീകരർ നടത്തിയ ക്രൂരമായ വെടിവെപ്പിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഭീകരതയുടെ ആ ക്രൂരതകൾ ഇന്നും രാജ്യത്തിന്റെ മനസ്സിൽ നടുക്കമായി തുടരുന്നുവെന്ന് രാഹുൽ ഗാന്ധി തന്റെ അനുസ്മരണ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
















