തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടത്തിന് പിന്നാലെ പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. പാലക്കാട് മുതലമടയിലെ വെള്ളാരംകടവിലാണ് പടക്കനിർമാശാല പ്രവർത്തിക്കുന്നത്. ഇതിൻ്റെ പ്രവർത്തനം നിർത്തിവെക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 13 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
വെടിക്കെട്ട് അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും അന്വേഷണ ചുമതല ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് ആയിരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പരിക്കേറ്റവർക്ക് 2 ലക്ഷം അടിയന്തിര സഹായവും നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
















