അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കേസിൽ കക്ഷിചേരാൻ നിതിന്റെ പിതാവ് വൈ.എൽ രാജൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നടപടി. അധ്യാപകരുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ട പിതാവ്, നാളെ കോടതിയിൽ തന്റെ ഭാഗം വിശദമായി ബോധിപ്പിക്കും.
കോളജിലെ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള അറസ്റ്റ് ഭയന്നാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ച് കോടതിയിൽ ഹാജരാകാൻ നിതിന്റെ പിതാവിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇന്ന് മറ്റൊരു അഭിഭാഷകൻ മുഖേന കോടതിയിൽ എത്തിയ രാജൻ, പ്രതികളുടെ ജാമ്യാപേക്ഷയിൽ തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇരുഭാഗത്തിന്റെയും വിശദമായ വാദം കേൾക്കുന്നതിനായി കോടതി കേസ് മാറ്റിവെച്ചത്.
















