കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യപ്രദേശ് പൊലീസിന് നിർണ്ണായക നിർദ്ദേശവുമായി ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, വരൻ ഫർമാനെതിരെ പോക്സോ വകുപ്പും പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചതായി പരാതിക്കാരൻ.കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷൻ, കേരള-മധ്യപ്രദേശ് പൊലീസുകാരുടെ നിലപാടുകളിൽ വിമർശനം ഉന്നയിച്ചു.
വിഷയത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസ് ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന പ്രാഥമിക നിഗമനത്തിലാണ് മധ്യപ്രദേശ് പൊലീസ് എങ്കിലും, പെൺകുട്ടിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ സാധിക്കാത്തത് നിയമനടപടികൾക്ക് തടസ്സമാകുന്നുണ്ട്. കേരളത്തിലെത്തിയ മധ്യപ്രദേശ് സംഘത്തിന് പെൺകുട്ടിയെ കാണാനോ മൊഴിയെടുക്കാനോ സാധിച്ചിരുന്നില്ല. വിവാഹത്തിനായി ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വകുപ്പുകൾ ചുമത്താനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
















