മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. പാലക്കാട് പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി സ്വദേശി കൂളിക്കുന്ന് വീട്ടിൽ പ്രവീൺ (45) ആണ് ബുധനാഴ്ച അന്തരിച്ചത്. ഇതോടെ നാടിനെ നടുക്കിയ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം പതിനാലായി ഉയർന്നു.
ജീവിതത്തിലാദ്യമായാണ് പ്രവീൺ ഒരു പടക്ക നിർമ്മാണശാലയിൽ ജോലിക്കായി എത്തുന്നത്. സുഹൃത്തായ സുരേഷ്, സുരേഷിന്റെ സഹോദരൻ സുജിത്ത് എന്നിവർക്കൊപ്പമാണ് പ്രവീൺ മുണ്ടത്തിക്കോട്ടെ ഈ കേന്ദ്രത്തിൽ എത്തിയത്.
അപകടം നടന്നയുടനെ കൂടെയുണ്ടായിരുന്ന സുരേഷും സുജിത്തും അത്ഭുതകരമായി ഓടി രക്ഷപ്പെട്ടെങ്കിലും പ്രവീണിന് പുറത്തെത്താൻ സാധിച്ചില്ല. കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ പ്രവീണിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















