പശ്ചിമ ബംഗാൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. 152 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 1475 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്നത്. ഇതിൽ 294 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. എസ്ഐആറിലൂടെ 27 ലക്ഷത്തിൽ പരം വോട്ടർമാർ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെട്ടുപ്പ്.
വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ പൂർണമായും അടച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദേശത്തെ തുടർന്നാണ് നടപടി. ഇന്ന് വൈകിട്ട് ആറ് മണിക്ക് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ആകും ഇനി അതിർത്തികൾ തുറക്കുക.
ആദ്യഘട്ടത്തിലെ 59 സീറ്റുകളാണ് മമതാ ബാനർജിയുടെ ഭാവി നിർണയിക്കുക. മുർഷിദാബാദ്, ബെങ്കുരി, ഈസ്റ്റ് മിഡ്നാപൂർ, പുർളിയ എന്നീ ജില്ലകളിലെ മണ്ഡലങ്ങൾ തൃണമൂലിന് നിർണായകമാകും. കോൺഗ്രസും സിപിഐഎമ്മും പൂജ്യത്തിൽ നിന്ന് ഒന്നിലേക്ക് എത്തുമോ എന്ന ചോദ്യത്തിനും ജനം ഇന്ന് ഉത്തരം നൽകും.
















